ജിഷ വധക്കേസന്വേഷണത്തിൽ പോലീസ് വരുത്തുന്ന കുറ്റകരമായ അനാസ്ഥ ജുഡീഷ്യൽ കമ്മീഷൻ അന്വേഷിക്കുക

ബഹുമാന്യനായ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ മുമ്പാകെ ജിഷ:നീതി നിഷേധത്തിനെതിരായ ജനകീയകൂട്ടായ്മ സമർപ്പിക്കുന്ന നിവേദനം.

Sir,

വിഷയം: പെരുമ്പാവൂർ ജിഷ വധവുമായി ബന്ധപ്പെട്ടുകൊണ്ട് കേസന്വേഷണത്തിൽ കേരള പോലീസ് വരുത്തിയ ഉപേക്ഷയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നത് സംബന്ധിച്ച്.

പെരുമ്പാവൂരിൽ ജിഷ അതിദാരുണമായി ലൈംഗികാതിക്രമങ്ങൾക്ക് ഇരയാവുകയും കൊലചെയ്യപ്പെടുകയും ചെയ്തിട്ട് ഇന്നേയ്ക്ക് 69 ദിവസങ്ങളായി. തെരഞ്ഞെടുപ്പിനോടടുത്ത ദിവസങ്ങളിൽ ഉണ്ടായ ജിഷയുടെ കൊലപാതകം സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ശക്തമായ അമർഷത്തിനും പ്രതിഷേധത്തിനും ഇടയാക്കുകയുണ്ടായി.ജിഷയ്ക്കു നീതി ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആയിരക്കണക്കിനാളുകൾ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടേയും നേതൃത്വത്തിൽ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങുകയുണ്ടായി. കേസന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും ഉണ്ടായ പാളിച്ചകളും , അന്വേഷണത്തിൽ പോലീസ് വരുത്തിയ ഉപേക്ഷയും വലിയ തോതിൽ ചർച്ചയ്ക്ക് വിധേയമായി. സമൂഹത്തിൽ ഉയർന്നു വന്ന ഈ പ്രതിഷേധങ്ങളെ കണക്കിലെടുത്തുകൊണ്ട് 2016 ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിൽ ഏറിയ താങ്കളുടെ നേതൃത്വത്തിൽ ഉള്ള മന്ത്രിസഭയുടെ ആദ്യ ക്യാബിനറ്റ് യോഗത്തിൽ തന്നെ ജിഷ വധം അന്വേഷിക്കുന്നതിന് പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കുകയും , ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തത് ശ്‌ളാഘനീയമാണ്.

പക്ഷേ , ഈ തീരുമാനങ്ങൾ കൊണ്ട് , ജിഷ വധവുമായി ബന്ധപ്പെട്ട് ഭരണകൂടം കാണിക്കുന്ന ഉപേക്ഷ മതിയായി അഭിസംബോധന ചെയ്യപ്പെടുന്നില്ല എന്നു ഞങ്ങൾ വിലയിരുത്തുന്നു.നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാന നിലപാടാണ് നിയമവാഴ്ച എന്ന തത്വം.നിയമത്താൽ ഭരിക്കപ്പെടുന്ന വ്യവസ്ഥ എന്നതാണല്ലോ നിയമവ്യവസ്ഥാ തത്വത്തിന്റെ അടിത്തറ.നിയമാനുസൃതം പ്രവർത്തിക്കുന്ന ഭരണകൂട സംവിധാനങ്ങൾ നിയമവാഴ്ചാ തത്വത്തിന്റെ അത്യന്താപേക്ഷിതമായ ഉപാധിയാണ്. ജിഷ വധവുമായി ബന്ധപ്പെട്ടുകൊണ്ട് കേസിൽ ആദ്യാന്വേഷണം നടത്തിയ പോലീസ് കുറ്റകരമായ അനാസ്ഥയും ഉപേക്ഷയും ഇപ്പോഴും തുടരുന്നതായി ഞങ്ങൾ കരുതുന്നു. ഇപ്പോൾ മുൻ ഡിജിപി സെൻകുമാർ , തന്നെ തത്സ്ഥാനത്ത് നിന്നും നീക്കിയ സർക്കാർ നടപടിക്കെതിരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ നൽകിയ ഹർജ്ജി വാദത്തിൽ വന്നപ്പോൾ , പൂറ്റിങ്ങൽ വെടിക്കെട്ടപകടത്തിലും ജിഷ വധക്കേസ് അന്വേഷണത്തിലും അദ്ദേഹം സ്വീകരിച്ച നടപടികളെ വിമർശിച്ചുകൊണ്ടുള്ള സർക്കാറിന്റെ നിലപാട് , സർക്കാർ അഭിഭാഷകൻ ട്രൈബ്യൂണലിനെ അറിയിച്ചതായി മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു. മാത്രവുമല്ല ജിഷ വധക്കേസിന്റെ ആദ്യാന്വേഷണ വേളയിൽ പോലീസ് വരുത്തിയ വീഴ്ചകളെ വിമർശിച്ചുകൊണ്ട് താങ്കൾ ഉൾപ്പെടെയുള്ള LDF നേതാക്കൾ രംഗത്ത് വരികയും ചെയ്തിരുന്നല്ലോ.

കേവലമായ ഒരു ഉപേക്ഷ എന്നതിനപ്പുറം കനാൽ പുറമ്പോക്കിൽ താമസിക്കുന്ന ദളിതും ദരിദ്രയുമായ ഒരു സ്ത്രീയുടെ ദാരുണമായ കൊലപാതകം അന്വേഷിക്കുന്നതിൽ വീഴ്ച വരുത്തിയ നടപടി ദളിത്-പീഢന നിരോധന നിയമ പ്രകാരം തന്നെ കുറ്റകരമാണ്. ഇത് നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന ഭരണഘടനാ വ്യവസ്ഥയെ അട്ടിമറിക്കുകയും ചെയ്യുന്നു. ഇപ്പോൾ അന്വേഷണത്തിലുണ്ടായ തളർച്ച പോലും പോലീസ് ആദ്യ അന്വേഷണത്തിൽ വരുത്തിയ ഉപേക്ഷ മൂലം ഉണ്ടായിട്ടുള്ളതാണ്. ഇത് അത്യന്തം ഗൗരവതരവും ജനാധിപത്യ വ്യവസ്ഥയ്ക്കകത്ത് അംഗീകരിക്കാനാവാത്തതുമാണ്.

ഈ സാഹചര്യത്തിലാണ് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം എന്ന മനുഷ്യാവകാശ സംഘടനയുടെ മുൻകയ്യിൽ വിവിധ സംഘടനകളും സാമൂഹ്യ പ്രവർത്തകരുമടങ്ങുന്ന ജിഷ:നീതി നിഷേധത്തിനെതിരെ ജനകീയ കൂട്ടായ്മ എന്ന പൊതു വേദി രൂപീകരിച്ചു കൊണ്ട് , പോലീസ് വരുത്തിയ കുറ്റകരമായ അനാസ്ഥയും അത്തരം അനാസ്ഥയ്‌ക്ക്‌ എന്തെങ്കിലും ബാഹ്യ സമ്മർദ്ദം ഉണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ചും പോസ്റ്റുമോർട്ടം നടത്തിയതിലെ പാകപ്പിഴകൾ സംബന്ധിച്ചും ഒരു ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ നിയമിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടാൻ ഞങ്ങൾ തീരുമാനമെടുത്തത്. ഡൽഹി ബലാൽസംഗവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ജെ.എസ്.വർമ്മ കമ്മീഷനെ നിയമിച്ച് അന്വേഷണം നടത്തിയത് പോലെ ജിഷ വിഷയത്തിലും സമാനമായ രീതിയിൽ ഒരു ജുഡീഷ്യൽ കമ്മീഷനെ വച്ച് അന്വേഷണം നടത്തേണ്ടതാണ് എന്ന് ഞങ്ങൾ അഭിപ്രായപ്പെടുന്നു.

ആയതുകൊണ്ട് ജിഷ വധവുമായി ബന്ധപ്പെട്ട് കേസന്വേഷണത്തിൽ പോലീസ് വരുത്തിയ കുറ്റകരമായ അനാസ്ഥയുടെ പൊതു പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് ഇക്കാര്യത്തിൽ എന്തുകൊണ്ട് ഉപേക്ഷ സംഭവിച്ചു എന്നുള്ളതും , പോലീസ് ഉൾപ്പെടെയുള്ള ഭരണകൂട ഏജൻസികൾ ബാഹ്യ സ്വാധീനത്തിന് വശംവദരായിട്ടുണ്ടോ എന്നത് സംബന്ധിച്ചും സ്ത്രീകൾക്കും ദളിതർക്കും ആദിവാസികൾക്കുമെതിരായ കുറ്റകൃത്യങ്ങളിലെ അന്വേഷണം കാര്യക്ഷമമാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ചും "കമ്മീഷൻ ഓഫ് എൻക്വേയറീസ് ആക്ട് " പ്രകാരം ഒരു ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ നിയമിച്ച് അന്വേഷണം നടത്തണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Sign Petition
Sign Petition
You have JavaScript disabled. Without it, our site might not function properly.

Privacy Policy

By signing, you accept Care2's Terms of Service.
You can unsub at any time here.

Having problems signing this? Let us know.